Sunday 26 August 2012

വീടിനു മുന്നില്‍
പേരെഴുതിച്ചേര്‍ത്തതോടെ
കത്തുകളുടെ വരവുനിന്നു.

ചായം മാറ്റിയപ്പോള്‍
വന്ന പരാതി
അറകള്‍ക്ക് വലുപ്പം കുറഞ്ഞുവെന്ന്.

കൂട്ടിയും കുറച്ചും
തല ചൊറിഞ്ഞുനിന്ന
എഞ്ചിനീയറോട്
പറഞ്ഞു പണിയിച്ച
ഇടനാഴികള്‍ ഉപകാരത്തിനൊത്തു;
വാക്കുകളുടെ ശവമടക്ക്
അവിടെത്തന്നെയാക്കാം.

Sunday 12 August 2012

കരുതിവെപ്പ്

തിളയ്ക്കുന്ന തലയില്‍ നിന്ന് 
വിഷസൂചികള്‍ ചരിഞ്ഞുനോട്ടങ്ങളിലൂടെ 
പുറത്തേക്ക് ചീറ്റുന്നു.

അമ്പെയ്ത്തുകാരന്‍റെ ഉന്നമറിയാന്‍ 
ഉഴിഞ്ഞുവെച്ച നെഞ്ച് 
പുകഞ്ഞു തോടാവുന്നു.

അവന്‍റെ ദംഷ്ട്രയുടെ മൂര്‍ച്ചയില്‍ 
നിന്നൂറ്റിയെടുത്ത വിഷം 
കരുതിവെക്കുന്നുണ്ട്,
എണ്ണമറ്റ ചങ്കിടിപ്പ് കടഞ്ഞെടുത്ത 
ഉപ്പുചേര്‍ത്ത് 
പാനപാത്രം നിറയ്ക്കാന്‍.

Saturday 11 August 2012

ശവവണ്ടി

ബസ്സിന്‍റെ മുന്‍ചില്ലിനോട് 
ചേര്‍ന്നിരുന്ന് പുകഞ്ഞിരുന്ന 
ചന്ദനത്തിരിയെയും 
അത് കത്തിച്ചുവെച്ചവനെയും 
ശപിക്കുകയായിരുന്നു.

സഹികെട്ടിട്ടാവണം
അത് പറഞ്ഞത്,
'ഇതൊരു ശവവണ്ടിയാണ് 
നിങ്ങളൊക്കെ ശവങ്ങളും!'

നീര്പ്പോള

ഉണര്ച്ചകളില്ലാത്ത പ്രഭാതങ്ങളിലേക്ക് 
കുടിയേറിപ്പാര്‍ക്കണം
കാനേഷുമാരിക്കണക്കിലിടംപിടിയ്ക്കാത്ത 
നാടോടിയായി,
വരവും പോക്കും മുദ്രണം ചെയ്യാത്ത 
കാറ്റാകണം.
ഇടവേളകളില്‍ കെട്ടഴിച്ചുവിട്ട ഭ്രാന്തിന്‍റെ
അട്ടഹാസങ്ങളുടെ മുഴക്കം കേള്‍ക്കണം.
പക്ഷപാതങ്ങളില്ലാത്ത 
ഇരുളിന്‍റെ ചില്ലയില്‍ 
ഏറുമാടം കെട്ടണം.
കണ്പോളകള്‍ക്കകത്തും പുറത്തും 
ഒരുപോലെ നിറയുന്ന 
അതിരുകളും നിറങ്ങളുമില്ലാത്ത കാഴ്ചയില്‍
മതിമറക്കണം.
മറന്നു മറന്ന്
ഓര്‍മ്മയും മറവിയും ഒന്നാകുന്ന ലഹരിയില്‍ 
പതഞ്ഞൊരു കുമിളയായ്‌ തകരണം.

Wednesday 27 June 2012

കാലമറിയാത്ത ഋതുക്കള്‍

എന്‍റെ ഋതുക്കള്‍ക്ക്
ഉദയാസ്തമനങ്ങളില്ല.

ചിലര്‍ ഉദയം കാണും
ചിലര്‍ അസ്തമയവും
ചിലര്‍ക്ക് രണ്ടുമന്യം.

എന്‍റെ ഋതുക്കള്‍ക്ക്
കാലക്രമങ്ങളില്ല.
അവയെ കലണ്ടറില്‍
പിടിച്ചുകെട്ടാനാവില്ല.

അവയെല്ലാം
എല്ലാ ദിവസവും
ഉണര്‍ന്നമരുന്നു.

ചില നേരങ്ങളില്‍
ചിലരെന്നെ പൊതിഞ്ഞുനില്‍ക്കും.
അവരുടെ
ആയുര്‍ദൈര്‍ഘ്യത്തിലേക്കു വിരല്‍ ചൂണ്ടി
വീമ്പിളക്കും.

ചില നേരങ്ങളില്‍
ചിലരൊന്നു കണ്ണുചിമ്മി
മറഞ്ഞുപോകും.

എന്‍റെ ഋതുക്കള്‍ക്ക്
കാലക്രമങ്ങളില്ല.
സമയവേഗങ്ങളില്‍
അവയെ തളച്ചിടാനാവില്ല.

ഉറക്കം

നിന്നെ എനിക്ക് വിശ്വാസമാണെന്ന്
കുറഞ്ഞപക്ഷം
എന്നെയെങ്കിലും
വിശ്വസിപ്പിക്കാന്‍ ശ്രമിക്കവേ
കണ്ണടച്ചിരിക്കാന്‍ നീ പറഞ്ഞപ്പോള്‍
നിന്‍റെ ആലിംഗനം കൊതിച്ചു ഞാന്‍
കാത്തിരിക്കെ
ഒരു ചുംബനം മാത്രം തന്നു
നീയെങ്ങു മറഞ്ഞു?
എന്തൊക്കെയായാലും
നിന്‍റെ സ്നേഹചുംബനത്തെ
അവര്‍
കോട്ടുവായെന്നു വിളിച്ചത്‌
എനിക്കിഷ്ടപ്പെട്ടില്ല!

Saturday 23 June 2012

ഒരു മഴയോരക്കാഴ്ച

ഇരുളിടങ്ങള്‍
പിഴിഞ്ഞെടുത്ത വിയര്‍പ്പിന്
കറ പടര്‍ന്ന പശിമ.

വെള്ളിനൂല്‍പ്പെയ്ത്തിന്‍റെ
വിശാലതയിലേക്ക്‌
അയാള്‍ ഇറങ്ങി നടന്നു.

മേഘങ്ങളില്‍
പൊതിഞ്ഞുവെച്ച പാപങ്ങളുടെ
വാള്‍മുനപ്പെയ്ത്തില്‍
പഞ്ചഭൂതശില്പ്പമുടഞ്ഞു.

ചോരയും നീരും
മാംസവും ചിന്തയും
മണ്ണില്‍ക്കുഴഞ്ഞ് ഒരു കുഴി നിറഞ്ഞു.

കലക്കവെള്ളത്തില്‍ പൊട്ടിച്ചിരിക്കുന്നു
കുഞ്ഞിക്കാലുകള്‍.
സ്വപ്നതീരങ്ങളിലേക്ക്
പ്രതീക്ഷകളുടെ ജലപാത തീര്‍ക്കുന്നു
കളിവഞ്ചികള്‍.
കൊള്ളിമീനെ ചൂണ്ടയിടുന്നു
നിഷ്കളങ്കബാല്യം.

നിലച്ചിട്ടില്ലാത്ത
ഋതുചക്രത്തില്‍ വിശ്വസിച്ച്
തിരുവാതിരപ്പാടത്ത് സ്വപ്നം വിതച്ച്
രണ്ടു കണ്ണുകള്‍.

Wednesday 30 May 2012

മഴ

കൊലുസ്സു കൊഞ്ചിയ 
കാലൊച്ച കേട്ടാണ് 
കാത്തിരിപ്പിന്‍റെ വേനലില്‍ 
നിന്നിറങ്ങിച്ചെന്നത്.
മുറ്റത്തെത്തിയപ്പോഴേക്കും
പെറ്റിട്ട 
രണ്ടു നീര്‍ചാലുകളെ
അനാഥമാക്കി
അവളെങ്ങോ മറഞ്ഞിരുന്നു.

Thursday 24 May 2012

തിരിച്ചുവരവ്‌

പേരാറിന്‍റെ
ഗര്‍ഭഗൃഹത്തിനു മുന്നില്‍ 
തപം ചെയ്യുന്നു
ഭഗീരഥന്‍റെ പിന്മുറക്കാരന്‍.

മാനം കവര്ന്നിട്ടും 
മാറു പിളര്‍ന്നിട്ടും മതിയാകാതെ
മാംസം നഖങ്ങളില്‍ കൊരുത്തവരോടുള്ള
കോപാഗ്നിയുടെ തീഷ്ണജ്വാലകള്‍
അവനെ പൊതിഞ്ഞു.

ആളിയിട്ടുമണയാത്ത
തപത്തില്‍ കനിഞ്ഞ്‌
അവളിറങ്ങി വന്നു,
കെട്ടിപ്പടുത്ത മഹാസൗധങ്ങളുടെ
ചുവരുകളില്‍ നിന്ന്.
ആത്മാവു കാണിക്കവെച്ചവന്‍റെ 
മോക്ഷത്തിനായി,
എരിഞ്ഞലിഞ്ഞവന്‍റെ
വിഭൂതി ചാര്‍ത്തി
ധ്യാനത്തിന്‍റെ കടലുതേടി.



Monday 7 May 2012

ഇല വേരിനോട്

അന്ന് 
ഗര്‍ഭപാത്രത്തില്‍ 
ചുരുണ്ടിരുന്നപ്പോള്‍ 
നമ്മളെത്ര അടുത്തായിരുന്നു.

തോടുപൊട്ടി 
ഭൂഗര്‍ഭത്തിലേക്ക് 
നീ നിധി തേടി പോയതും 
താരങ്ങളെ തൊടാന്‍ 
ഞാന്‍ വായുവിലേക്കു കുതിച്ചതും 
എന്തിനായിരുന്നു..

ഋതുഭേദങ്ങളോടു പൊരുതി 
താരങ്ങളില്‍ ഞാന്‍ നട്ട കണ്ണുകള്‍ 
തളര്‍ന്നടഞ്ഞപ്പോള്‍ 
അടര്‍ന്നുരുണ്ട മഴനീര്‍ത്തുള്ളിയാണ് 
കൂട്ടിരുന്ന സ്വപ്നം 
മൂഡമായികതയെന്നു പറഞ്ഞുതന്നത്.

ഒടുവില്‍ 
ഞെട്ടടര്‍ത്തിയ ശിശിരത്തിന്‍റെ 
വിരല്‍ത്തുമ്പിലേറി 
ഞാന്‍ നിന്നിലേക്കു മടങ്ങുമ്പോള്‍ 
ഗുരുത്വാകര്‍ഷണത്തില്‍ ആത്മാവുമര്‍പ്പിച്ച് 
നീയെങ്ങോട്ടാണ് ഊളിയിടുന്നത്..

Thursday 26 April 2012

ഒന്നും രണ്ടും

രണ്ടു കണ്ണിലൂടെയാണ് 
കയറി വന്നതെങ്കിലും 
നീ ഒന്നു തന്നെയാണെന്ന്
കാഴ്ച പറഞ്ഞു.
ഒരു നെഞ്ചില്‍ തന്നെയാണെങ്കിലും 
നീ രണ്ടാണെന്ന് 
കണ്ണീരു പറഞ്ഞു.

കുട















കാറ്റും വേനലും 
തുന്നിത്തന്ന പൊടിപ്പുതപ്പുമായി
എത്രയായി ഞാന്‍ കാത്തിരിക്കുന്നു,
ഇടവത്തിലെത്തുമെന്ന വാക്ക് തെറ്റിച്ചിട്ടും
നേരം തെറ്റിയ നിന്‍റെ വരവിനു 
വഴിക്കണ്ണുമായി ഈ ഉത്തരത്തില്‍.. 

Sunday 22 April 2012

കാവലാള്‍

















ഓര്‍മകളേ പൊയ്ക്കൊള്ളുക.
എന്‍റെ കാരാഗൃഹത്തില്‍ നിന്ന്
രക്ഷ നേടൂ.
ഇതാ താക്കോല്‍,
എല്ലാവരും പുറത്തിറങ്ങി
വിജനമായ മതിലകം
താഴിട്ടു പൂട്ടുക.
താക്കോല്‍ ഉപേക്ഷിച്ചോളൂ.
ആര്‍ക്കും പ്രവേശനമില്ലാത്ത
മതിലകത്തിന്‍റെ കാവലാളാവണമെനിക്കിന്ന്.
താക്കോല്‍ക്കൂട്ടമില്ലാത്ത കാവലാള്‍.



ഒരിക്കല്‍

എന്‍റെ നെഞ്ചിലെ 
തീ പകുത്തെടുത്ത്
ഗുല്‍മോഹര്‍ പൂത്തുതുടങ്ങി.
ഒരിക്കല്‍
കത്തിപ്പടരുന്ന ഈ ചെന്തീയില്‍ 
ഞാന്‍ അലിഞ്ഞുചേരും.
മടക്കയാത്രയിലും 
ഞാന്‍ നിന്നെ പൊള്ളിക്കുകയാണല്ലോ
എന്‍റെ മണ്ണേ.
ശപിക്കരുത്,
നിന്നില്‍ ഞാന്‍ ചേര്‍ത്ത 
പാപം കഴുകിക്കളയാന്‍ 
ആര്‍ദ്രമായ്‌ നിന്നെപ്പുണര്‍ന്ന്
വര്‍ഷം പെയ്തിറങ്ങും,
ഇടമുറിയാതെ.
നിനക്കു മോക്ഷം.

Saturday 21 April 2012

RIP





















എന്‍റെ കുഴിമാടത്തിനു മുകളില്‍
പ്രശാന്ത വിശ്രമത്തിന്‍റെ
കുരിശു നാട്ടരുത്,

കപാലം തുരന്ന്
വെടിയുണ്ട പായുന്ന
ശബ്ദം നിലയ്ക്കും വരെ

ശരീരത്തിന്‍റെ നിമ്നോന്നതികള്‍
മാന്തിപ്പറിച്ച നഖങ്ങള്‍
അറുത്തുമാറ്റും വരെ

കണ്ണുകെട്ടിയവളുടെ
അളവുതൂക്കങ്ങളിലെ
കറ നീങ്ങും വരെ

കൊടിനിറങ്ങളുടെ പിന്നണികളില്‍
മനുഷ്യത്വത്തിന്‍റെ
പകല്‍ വീഴും വരെ

സത്യ സമത്വ സ്വാതന്ത്ര്യങ്ങളുടെ
മഴ പെയ്യും വരെ


എന്‍റെ കുഴിമാടത്തിനു മുകളില്‍
പ്രശാന്ത വിശ്രമത്തിന്‍റെ
കുരിശു നാട്ടരുത്.

ലോജിക്ക്

പ്രോഗ്രാമറുടെ കണ്ണുകള്‍
ഒരു തവണ കൂടുതല്‍ ചിമ്മിയതാണ്
ലോജിക്കിന്‍റെ ഗതി മാറ്റിയത്.
സമപ്പെടുന്നതോട് കൂടി
അറിയാതെയോന്നാശ്ചാര്യപ്പെട്ടപ്പോള്‍
മറവിയിലേക്കുള്ള വാതില്‍
തുറക്കപ്പെട്ടത്‌ ഓര്‍മയിലേക്കാണ്‌.

പ്രാണികള്‍ മുഴങ്ങിപ്പറന്നിരുന്നു.
ശാസ്ത്രീയമോ നാടനോ ആയ പേരുകളൊന്നും
                            അവര്‍ പ്രഖ്യാപിച്ചിരുന്നില്ല.
ഓരോ ചിറകടിയുടെയും താളങ്ങള്‍ വിഭിന്നമായിരുന്നു,
'ഫാമിലി' ഒന്നല്ലെന്നറിയിക്കാനാണെന്നു തോന്നുന്നു
ചിലപ്പോള്‍ സങ്കരവുമാകാം.
ചിറകടി അലോസരമാകുന്നെന്നറിഞ്ഞപ്പോള്‍ 
ക്രൗര്യവികൃതമായ ചിരിയും പേറി
മൂക്കിനു താഴെ ഒളിപ്പിച്ചു വെച്ച കുഴലുമായി
                             അവ പറന്നടുത്തു.
ചോരയോ ചിന്തയോ ഊറ്റിയെടുക്കാനോ
അതോ, വിഷം കുത്തിയിറക്കാനോ
എന്ന് മനസ്സിലായില്ല.
അതിനു മുന്‍പേ ബോധം പോയിരുന്നു. 

അടഞ്ഞ പുസ്തകം

മുഖവുര എഴുതാന്‍ 
നിയോഗിക്കപ്പെട്ടയാളുടെ 
വായനയില്‍ ഒതുങ്ങിനില്‍ക്കുന്ന 
പിന്കുറിപ്പില്‍ വിശ്വസിച്ച്
കണ്ണുകളും വിരലുകളും 
കടന്നുപോകുമ്പോള്‍ 
കണ്ട അക്ഷരങ്ങള്‍ക്കിടയില്‍ 
കാണാതെപോയ വിടവുകളില്‍ 
കിതയ്ക്കുന്ന ഗദ്ഗദം 
ആരറിഞ്ഞു! 

മതില്‍

വൈദ്യുത തരംഗങ്ങള്‍ 
നാഡീയാത്ര തുടങ്ങിയതു മുതല്‍ 
ആരൊക്കെയോ ചിതറിത്തെറിപ്പിച്ചുപോയ 
കല്‍ചീളുകള്‍ ഒരു വന്‍മതിലായത് 
പുറംകാഴ്ച മറയുവോളമറിഞ്ഞില്ല .
വാക്കിനെ തടവറയിലാക്കിയ,
കാഴ്ചയില്‍ ഇരുട്ടുനിറച്ച 
ഈ മതില്‍ തകര്‍ക്കുവാന്‍ 
ഇനിയെന്തു ചെയ്യേണ്ടുവെന്നും അറിവീല. 


# സ്വത്വം

കണക്ക്

പകലുകളില്‍ കണക്ക്
ഒരു കൂട്ടാളിയായിരുന്നു.
ആകെത്തുകയില്‍ നിന്ന്
അനുമോദനങ്ങളിലേക്കുള്ള യാത്രയില്‍
ഏറെ രസിപ്പിച്ചിരുന്നു.
ഇരുള്‍ പരക്കുമ്പോള്‍
പ്രശാന്തിയില്‍ നിന്ന് അത്
കരാളതയിലേക്ക് കൂടുമാറും.
പൂമുഖവാതില്‍ കണക്കുപുസ്തകത്തിന്‍റെ
പുറംചട്ടയായപ്പോള്‍
കാതുകള്‍ കൊട്ടിയടക്കാനും
നാവിനു വിലങ്ങു തീര്‍ക്കാനും കൊതിച്ചു.
കുടിയിറക്കുവാന്‍ പല വഴികള്‍ തേടിയെങ്കിലും
കുടികിടപ്പവകാശത്തിന്‍റെ മുറവിളികളില്‍
അതു നിറഞ്ഞാടി.
കണക്ക്
ഏകാന്തതയെപ്പോലും
നുഴഞ്ഞു കയറാനനുവദിക്കാതെ
എനിക്ക് കാവല്‍ നില്‍ക്കുന്നു,
പിഴവുകളുടെ മണിമുഴക്കമായി.

പെയ്ത്ത്

മഴ പെയ്യുന്നതു പോലെയല്ല
മരം പെയ്യുന്നത്.
അതുപോലെയല്ല
ഇലകളും പൂക്കളും പൊഴിയുന്നത്.
ഇവയൊന്നും പോലെയല്ല
ജീവന്‍ പൊലിയുന്നത്.
എല്ലാം പെയ്തോഴികയെങ്കിലും
കാലത്തിനത്രേ ഏറെ ലാഘവം.
കുറ്റമേറ്റുപറഞ്ഞിട്ടും
ശിക്ഷ വിധിക്കാത്തതെന്ത്..?
അനുവദിച്ചത്
മാപ്പുസാക്ഷിയുടെ തണലെങ്കില്‍
ഞാന്‍ ക്ഷണിക്കപ്പെട്ടത്‌
സാക്ഷി വിസ്താരത്തിനല്ലല്ലോ.
വിചാരണയ്ക്കും
വിസ്താരത്തിനും മുന്‍പേ
സ്വമേധയാ പ്രതിക്കൂട്ടിലെത്തിയോള്‍ ഞാന്‍.
എന്നിട്ടും എന്‍റെ കേസിന്‍റെ
വിധിപ്രഖ്യാപനങ്ങള്‍
സാഹചര്യങ്ങളുടെ
കരിപ്രവാഹത്തിലാഴ്ന്നു പോയി.
എങ്കിലും
കര്‍മസാക്ഷിയുടെ കണ്ണുകള്‍
സദാ എനിക്കായി
തുറന്നിരിക്കുന്നെന്നാ-
ശ്വസിക്കട്ടെയിന്നു ഞാന്‍. 

സാക്ഷിമൊഴി

മാറ്റത്തിന്‍റെ
മാറ്റിനൊരു തൂക്കം
കുറവാണത്രേ.
ചൊല്ലലിന്
വ്യക്തതയില്ലെന്നാണ്
പുതിയ പരാതി.
കേള്‍വിക്കാണെന്ന്
മറുപടി ആരോപണവുമുണ്ട്.
പക്ഷെ,
സാക്ഷി പറയുന്നത് 
പരാതിക്കാര്‍
ബധിരനും മൂകനും
ആണെന്നാണ്‌! 

അപരിചിതര്‍

കണ്മുന്നില്‍ ഇന്നലെ വരെ കണ്ടത്
കര്‍ട്ടനായിരുന്നു.
അതു ഞാനറിഞ്ഞത് 
കാറ്റതിനെ ഉലച്ചപ്പോള്‍ മാത്രം.
ചിരിമറയ്ക്കുള്ളില്‍ ദംഷ്ട്രയായിരുന്നു 
അതില്‍ നിന്നുതിര്‍ന്നത് 
ചുടുചോരയും.
കര്‍ട്ടനിട്ടത് 
മനസാക്ഷിക്കു മുന്നിലായിരുന്നു 
അന്നു മുതല്‍ 
മനസാക്ഷിയും ബുദ്ധിയും 
തമ്മില്‍ തിരിച്ചറിയാതായി.
സംവാദമാളിപ്പടരുന്നുണ്ട്.
എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും 
അവര്‍ക്കുത്തരമില്ല.
'തരുവാനന്നമില്ലെങ്കില്‍   
പിന്നെന്തിനീ പാത്രമെനിക്കിന്ന്?'
അവരിലെ നിസ്സംഗത 
എന്നെ വീണ്ടും ത്രസിപ്പിച്ചു.
ഒന്നിനും അവര്‍ക്കുത്തരമില്ല.
ഈ പുകിലെല്ലാം 
എന്‍റെയുള്ളിലെന്നോതി 
ഉറക്കമില്ലായ്മയുടെ 
ഉറക്കം അവസാനിച്ചു.
സ്വപ്നത്തിന്‍റെ ദീര്‍ഘായുസ്സ് 
സ്വപ്നം മാത്രമെന്നാണ്‌ 
ആചാര്യന്‍മാരുടെ പക്ഷം.
ചിമ്മി വിടര്‍ന്ന 
കണ്ണിനു മുന്നില്‍ 
മാറാല കെട്ടിയ മുറിയും 
പുകയാത്ത അടുപ്പും 
പല്ലിളിച്ചു കാട്ടുന്നു.
പുസ്തകങ്ങളില്‍ 
അക്ഷരങ്ങളെ കാണുന്നില്ല;
വെളിച്ചമില്ലാത്തതില്‍ 
പ്രതിഷേധിച്ച്
അവര്‍
വീടുപേക്ഷിച്ച് പോയത്രേ!

ഭ്രഷ്ട

പടിയടച്ചു പിണ്ഡതര്‍പ്പണം  ചെയ്തിട്ടും
ഓര്‍മയുടെ പടിപ്പുരയില്‍ 
കാത്തുനില്‍ക്കുന്നതെന്തിന്..?
എന്‍റെ പടിപ്പുരയ്ക്ക് ഞാന്‍ 
മണിച്ചിത്രത്താഴ് തീര്‍ക്കും
അതു തുറക്കുവാന്‍ മതിയാവില്ലൊരിക്കലും 
നിന്റെ താക്കോല്‍ക്കൂട്ടം 
ഞാന്‍ ഈ കൊട്ടാരത്തിന്നധിപനാണ് 
നീ ഭ്രാഷ്ടയാക്കപ്പെട്ട പ്രജയും!

വേരുവിലങ്ങ്

പറന്നകന്ന പക്ഷിയുടെ കൊക്കില്‍
ഒരു വിത്തുണ്ടായിരുന്നു.
പതര്ച്ചയുടെ വിറകൊണ്ട നിമിഷത്തില്‍
അതെന്നിലേക്കൂര്‍ന്നു വീണു.
ഋതുക്കളേറെ വിടപറഞ്ഞു.
തോടു പൊട്ടി വളര്‍ന്ന മരത്തിന്‍റെ
വേരുകള്‍ ഊര്‍ന്നിറങ്ങി
ഉള്ത്തളങ്ങളിലേക്കെത്തി നോക്കിയപ്പോഴേ
ഋതുക്കളോടൊപ്പം പറന്ന
ഞാനുമറിഞ്ഞുള്ളൂ,
വേരു വിലങ്ങുകളുമായി
എന്നെ പിടിച്ചുകെട്ടാന്‍
ഒരു വന്‍മരം
നിഴല്‍ വിരിച്ചിരിക്കുന്നുവെന്നു..

നാവിലെ മുകുളങ്ങള്‍
ആദ്യമെന്നോടു പറഞ്ഞത്
കള്ളമായിരുന്നു
കണ്ഠം നനച്ച മധുരം
ഞാന്‍ ആര്‍ത്തിയോടെ നുണഞ്ഞു.
ഒടുവില്‍,
ഇന്ന് തോടു പിളര്‍ന്നോഴുകുന്ന
കയ്പുകഴുകുവാന്‍ 
എനിക്കു കഴിയുന്നില്ല.
വൈചിത്ര്യങ്ങളുടെ
വൈരുദ്ധ്യങ്ങള്‍ക്കിടയില്‍
കാലം എന്തോ ഒന്നിനെ ഒളിച്ചു.

ബന്ധങ്ങള്‍ പുതുജീവനെ
പാലൂട്ടുന്നതറിയാതെ വിടര്‍ന്ന
അര്ച്ചനാപുഷ്പങ്ങളെ നോക്കി
ദൈവം ഊറിച്ചിരിച്ചു.

കണ്ണുചിമ്മിയപ്പോള്‍
കണ്ടതില്‍ നിന്നുണര്‍ന്നത്‌
പൊട്ടിച്ചിരിയെങ്കിലും
മിഴികളില്‍ ഈറന്‍ ബാക്കിയായി.

ഞങ്ങള്‍ക്കിടയില്‍

ഇന്ന് സൂര്യനെന്നോട് സംസാരിച്ചു 
അപ്പോഴാണെനിക്ക്‌ മനസ്സിലായത്,
ഞങ്ങള്‍ക്കിടയില്‍ ഒരു കടലുണ്ടെന്ന്!

കാത്തിരിപ്പ്‌

അന്ന് ആകാശം ഇരുണ്ടിരുന്നു
അവിടെ മുഖങ്ങളും പഥങ്ങളും അന്യമായിരുന്നു 
ഇന്നലെ നക്ഷത്രങ്ങള്‍ ജ്വലിച്ചിരുന്നു
തിളങ്ങുന്ന കണ്ണുകള്‍ തെളിച്ച വഴി വ്യക്തമായിരുന്നു 
ഇന്ന് ഗ്രഹണം നിഴല്‍ വിരിച്ചിരിക്കുന്നു 
അതിന്നന്ത്യം കാത്ത് നിമിഷങ്ങളെണ്ണുന്നു.. 

Friday 20 April 2012

വൈരുദ്ധ്യരൂപികളായ കുറെ നിഴലുകളുടെ പകര്‍ന്നാട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന ഒരു നിഴല്‍..
തന്നില്‍ നിന്നു തന്നെ ഒരു ഇറങ്ങിപ്പോക്കിനായി സൂര്യന്‍ ഉച്ചിയിലെത്തുന്നത് കാത്തുനില്‍ക്കുന്നവള്‍.