Wednesday, 20 February 2013

പെറ്റ പെണ്ണ്

പത്തുമാസം കൊണ്ട്
ഒരുവളൊരു കൊട്ടാരം കെട്ടി
താമസത്തിനൊരുങ്ങുമ്പോഴാണ്‌
പുറമ്പോക്കിലെ
കെട്ടിടം പൊളിക്കാന്‍
ഉത്തരവ് വന്നത്.
ഉത്തരവിലെ മരണമണി
മുഴങ്ങിയിട്ടും
പൊളിച്ചു തീര്‍ന്നില്ല കൊട്ടാരം;
അത്രമേല്‍
സൂക്ഷ്മതയോടെയായിരുന്നു
പടവത്രയും.
പൊളിച്ചിട്ടും പൊളിച്ചിട്ടും
തകര്‍ന്നില്ല,
കൊട്ടാരത്തിന്‍റെ അസ്ഥികൂടം.
കല്ലും കമ്പിയും തുടങ്ങിയെല്ലാം
പടിയിറങ്ങിപ്പോയിട്ടും
അവിടെയൊരു കൊട്ടാരം
തലയുയര്‍ത്തിക്കൊണ്ടങ്ങനെ.

പത്തുമാസം ചുമന്നുതന്നെ
അവളും പെറ്റു.
അവള്‍, പെറ്റ പെണ്ണ്.
അവളുടെ കുഞ്ഞ്
ഒരിക്കലും കരഞ്ഞില്ല, ചിരിച്ചില്ല.
കണ്ടതും കേട്ടതുമില്ല.
അതുകൊണ്ടു മാത്രം
അതുകൊണ്ടു മാത്രം
അവള്‍ അമ്മയായില്ല.
പെറ്റ പെണ്ണു മാത്രമായി.

എങ്കിലും
അവള്‍ അറിഞ്ഞു
അവള്‍ മാത്രമറിഞ്ഞു
അമ്മയെ കണ്ചിമ്മി നോക്കാത്ത
മാറിടം നുകരാത്ത
കുഞ്ഞിന്‍റെ
ചിരിയും കരച്ചിലും.
അവള്‍ മാത്രമറിഞ്ഞു
മരവിച്ചിറങ്ങി വന്ന
കുരുന്നിന്‍റെ ചൂട്.

ആര്‍ക്കുമല്ലാതെ ചുരത്തുന്ന
മുലപ്പാലിന്
കയ്പെന്നോര്‍ത്ത്
കണ്ണുകള്‍ തോരാതെ പെയ്തു.

Saturday, 16 February 2013

കാവല്‍

 കാവല്‍മാടത്തിന്‍റെ തൂണുകള്‍ക്കെല്ലാം  
ആത്മാവ് കാത്തിരിപ്പ്.
വിടര്‍ന്നും കൂമ്പിയും 
സന്ധ്യകള്‍ ഊഴം മാറുമ്പോഴും 
ഉലയാത്ത കണ്‍കളില്‍ 
പ്രതീക്ഷയ്ക്കും ദൈന്യതയ്ക്കും 
ഭേദമില്ല.
അനുതാപകര്‍ക്കും 
സഹതാപകര്‍ക്കും 
ഒറ്റയൊരുത്തരം നിസ്സംഗമായി :
ഇനിയുള്ള ജന്മവും 
കാവല്‍ നില്‍ക്കാം ഞാന്‍ 
കാത്തിരിപ്പെന്നൊന്ന് 
അണയും  വരെ.

Sunday, 26 August 2012

വീടിനു മുന്നില്‍
പേരെഴുതിച്ചേര്‍ത്തതോടെ
കത്തുകളുടെ വരവുനിന്നു.

ചായം മാറ്റിയപ്പോള്‍
വന്ന പരാതി
അറകള്‍ക്ക് വലുപ്പം കുറഞ്ഞുവെന്ന്.

കൂട്ടിയും കുറച്ചും
തല ചൊറിഞ്ഞുനിന്ന
എഞ്ചിനീയറോട്
പറഞ്ഞു പണിയിച്ച
ഇടനാഴികള്‍ ഉപകാരത്തിനൊത്തു;
വാക്കുകളുടെ ശവമടക്ക്
അവിടെത്തന്നെയാക്കാം.

Sunday, 12 August 2012

കരുതിവെപ്പ്

തിളയ്ക്കുന്ന തലയില്‍ നിന്ന് 
വിഷസൂചികള്‍ ചരിഞ്ഞുനോട്ടങ്ങളിലൂടെ 
പുറത്തേക്ക് ചീറ്റുന്നു.

അമ്പെയ്ത്തുകാരന്‍റെ ഉന്നമറിയാന്‍ 
ഉഴിഞ്ഞുവെച്ച നെഞ്ച് 
പുകഞ്ഞു തോടാവുന്നു.

അവന്‍റെ ദംഷ്ട്രയുടെ മൂര്‍ച്ചയില്‍ 
നിന്നൂറ്റിയെടുത്ത വിഷം 
കരുതിവെക്കുന്നുണ്ട്,
എണ്ണമറ്റ ചങ്കിടിപ്പ് കടഞ്ഞെടുത്ത 
ഉപ്പുചേര്‍ത്ത് 
പാനപാത്രം നിറയ്ക്കാന്‍.

Saturday, 11 August 2012

ശവവണ്ടി

ബസ്സിന്‍റെ മുന്‍ചില്ലിനോട് 
ചേര്‍ന്നിരുന്ന് പുകഞ്ഞിരുന്ന 
ചന്ദനത്തിരിയെയും 
അത് കത്തിച്ചുവെച്ചവനെയും 
ശപിക്കുകയായിരുന്നു.

സഹികെട്ടിട്ടാവണം
അത് പറഞ്ഞത്,
'ഇതൊരു ശവവണ്ടിയാണ് 
നിങ്ങളൊക്കെ ശവങ്ങളും!'

നീര്പ്പോള

ഉണര്ച്ചകളില്ലാത്ത പ്രഭാതങ്ങളിലേക്ക് 
കുടിയേറിപ്പാര്‍ക്കണം
കാനേഷുമാരിക്കണക്കിലിടംപിടിയ്ക്കാത്ത 
നാടോടിയായി,
വരവും പോക്കും മുദ്രണം ചെയ്യാത്ത 
കാറ്റാകണം.
ഇടവേളകളില്‍ കെട്ടഴിച്ചുവിട്ട ഭ്രാന്തിന്‍റെ
അട്ടഹാസങ്ങളുടെ മുഴക്കം കേള്‍ക്കണം.
പക്ഷപാതങ്ങളില്ലാത്ത 
ഇരുളിന്‍റെ ചില്ലയില്‍ 
ഏറുമാടം കെട്ടണം.
കണ്പോളകള്‍ക്കകത്തും പുറത്തും 
ഒരുപോലെ നിറയുന്ന 
അതിരുകളും നിറങ്ങളുമില്ലാത്ത കാഴ്ചയില്‍
മതിമറക്കണം.
മറന്നു മറന്ന്
ഓര്‍മ്മയും മറവിയും ഒന്നാകുന്ന ലഹരിയില്‍ 
പതഞ്ഞൊരു കുമിളയായ്‌ തകരണം.

Wednesday, 27 June 2012

കാലമറിയാത്ത ഋതുക്കള്‍

എന്‍റെ ഋതുക്കള്‍ക്ക്
ഉദയാസ്തമനങ്ങളില്ല.

ചിലര്‍ ഉദയം കാണും
ചിലര്‍ അസ്തമയവും
ചിലര്‍ക്ക് രണ്ടുമന്യം.

എന്‍റെ ഋതുക്കള്‍ക്ക്
കാലക്രമങ്ങളില്ല.
അവയെ കലണ്ടറില്‍
പിടിച്ചുകെട്ടാനാവില്ല.

അവയെല്ലാം
എല്ലാ ദിവസവും
ഉണര്‍ന്നമരുന്നു.

ചില നേരങ്ങളില്‍
ചിലരെന്നെ പൊതിഞ്ഞുനില്‍ക്കും.
അവരുടെ
ആയുര്‍ദൈര്‍ഘ്യത്തിലേക്കു വിരല്‍ ചൂണ്ടി
വീമ്പിളക്കും.

ചില നേരങ്ങളില്‍
ചിലരൊന്നു കണ്ണുചിമ്മി
മറഞ്ഞുപോകും.

എന്‍റെ ഋതുക്കള്‍ക്ക്
കാലക്രമങ്ങളില്ല.
സമയവേഗങ്ങളില്‍
അവയെ തളച്ചിടാനാവില്ല.