പ്രോഗ്രാമറുടെ കണ്ണുകള്‍
ഒരു തവണ കൂടുതല്‍ ചിമ്മിയതാണ്
ലോജിക്കിന്‍റെ ഗതി മാറ്റിയത്.
സമപ്പെടുന്നതോട് കൂടി
അറിയാതെയോന്നാശ്ചാര്യപ്പെട്ടപ്പോള്‍
മറവിയിലേക്കുള്ള വാതില്‍
തുറക്കപ്പെട്ടത് ഓര്‍മയിലേക്കാണ്.
പ്രാണികള്‍ മുഴങ്ങിപ്പറന്നിരുന്നു.
ശാസ്ത്രീയമോ നാടനോ ആയ പേരുകളൊന്നും
അവര്‍ പ്രഖ്യാപിച്ചിരുന്നില്ല.
ഓരോ ചിറകടിയുടെയും താളങ്ങള്‍ വിഭിന്നമായിരുന്നു,
'ഫാമിലി' ഒന്നല്ലെന്നറിയിക്കാനാണെന്നു തോന്നുന്നു ചിലപ്പോള്‍ സങ്കരവുമാകാം. ചിറകടി അലോസരമാകുന്നെന്നറിഞ്ഞപ്പോള്‍
ക്രൗര്യവികൃതമായ ചിരിയും പേറി
മൂക്കിനു താഴെ ഒളിപ്പിച്ചു വെച്ച കുഴലുമായി
അവ പറന്നടുത്തു.
ചോരയോ ചിന്തയോ ഊറ്റിയെടുക്കാനോ
അതോ, വിഷം കുത്തിയിറക്കാനോ
എന്ന് മനസ്സിലായില്ല.
അതിനു മുന്‍പേ ബോധം പോയിരുന്നു.
പകലുകളില്‍ കണക്ക്
ഒരു കൂട്ടാളിയായിരുന്നു.
ആകെത്തുകയില്‍ നിന്ന്
അനുമോദനങ്ങളിലേക്കുള്ള യാത്രയില്‍ ഏറെ രസിപ്പിച്ചിരുന്നു.
ഇരുള്‍ പരക്കുമ്പോള്‍
പ്രശാന്തിയില്‍ നിന്ന് അത്
കരാളതയിലേക്ക് കൂടുമാറും.
പൂമുഖവാതില്‍ കണക്കുപുസ്തകത്തിന്‍റെ
പുറംചട്ടയായപ്പോള്‍
കാതുകള്‍ കൊട്ടിയടക്കാനും
നാവിനു വിലങ്ങു തീര്‍ക്കാനും കൊതിച്ചു.
കുടിയിറക്കുവാന്‍ പല വഴികള്‍ തേടിയെങ്കിലും
കുടികിടപ്പവകാശത്തിന്‍റെ മുറവിളികളില്‍
അതു നിറഞ്ഞാടി.
കണക്ക്
ഏകാന്തതയെപ്പോലും
നുഴഞ്ഞു കയറാനനുവദിക്കാതെ
എനിക്ക് കാവല്‍ നില്‍ക്കുന്നു,
പിഴവുകളുടെ മണിമുഴക്കമായി.
മഴ പെയ്യുന്നതു പോലെയല്ല
മരം പെയ്യുന്നത്.
അതുപോലെയല്ല
ഇലകളും പൂക്കളും പൊഴിയുന്നത്.
ഇവയൊന്നും പോലെയല്ല
ജീവന്‍ പൊലിയുന്നത്.
എല്ലാം പെയ്തോഴികയെങ്കിലും
കാലത്തിനത്രേ ഏറെ ലാഘവം.
കുറ്റമേറ്റുപറഞ്ഞിട്ടും
ശിക്ഷ വിധിക്കാത്തതെന്ത്..?
അനുവദിച്ചത്
മാപ്പുസാക്ഷിയുടെ തണലെങ്കില്‍
ഞാന്‍ ക്ഷണിക്കപ്പെട്ടത്
സാക്ഷി വിസ്താരത്തിനല്ലല്ലോ.
വിചാരണയ്ക്കും
വിസ്താരത്തിനും മുന്‍പേ
സ്വമേധയാ പ്രതിക്കൂട്ടിലെത്തിയോള്‍ ഞാന്‍.
എന്നിട്ടും എന്‍റെ കേസിന്‍റെ
വിധിപ്രഖ്യാപനങ്ങള്‍
സാഹചര്യങ്ങളുടെ
കരിപ്രവാഹത്തിലാഴ്ന്നു പോയി.
എങ്കിലും
കര്‍മസാക്ഷിയുടെ കണ്ണുകള്‍
സദാ എനിക്കായി
തുറന്നിരിക്കുന്നെന്നാ-
ശ്വസിക്കട്ടെയിന്നു ഞാന്‍.
മാറ്റത്തിന്‍റെ
മാറ്റിനൊരു തൂക്കം
കുറവാണത്രേ.
ചൊല്ലലിന്
വ്യക്തതയില്ലെന്നാണ്
പുതിയ പരാതി.
കേള്‍വിക്കാണെന്ന്
മറുപടി ആരോപണവുമുണ്ട്.
പക്ഷെ, സാക്ഷി പറയുന്നത്
പരാതിക്കാര്‍
ബധിരനും മൂകനും
ആണെന്നാണ്!
പറന്നകന്ന പക്ഷിയുടെ കൊക്കില്‍
ഒരു വിത്തുണ്ടായിരുന്നു.
പതര്ച്ചയുടെ വിറകൊണ്ട നിമിഷത്തില്‍
അതെന്നിലേക്കൂര്‍ന്നു വീണു.
ഋതുക്കളേറെ വിടപറഞ്ഞു. തോടു പൊട്ടി വളര്‍ന്ന മരത്തിന്‍റെ
വേരുകള്‍ ഊര്‍ന്നിറങ്ങി
ഉള്ത്തളങ്ങളിലേക്കെത്തി നോക്കിയപ്പോഴേ
ഋതുക്കളോടൊപ്പം പറന്ന
ഞാനുമറിഞ്ഞുള്ളൂ,
വേരു വിലങ്ങുകളുമായി
എന്നെ പിടിച്ചുകെട്ടാന്‍ ഒരു വന്‍മരം നിഴല്‍ വിരിച്ചിരിക്കുന്നുവെന്നു..
നാവിലെ മുകുളങ്ങള്‍
ആദ്യമെന്നോടു പറഞ്ഞത്
കള്ളമായിരുന്നു
കണ്ഠം നനച്ച മധുരം
ഞാന്‍ ആര്‍ത്തിയോടെ നുണഞ്ഞു.
ഒടുവില്‍,
ഇന്ന് തോടു പിളര്‍ന്നോഴുകുന്ന കയ്പുകഴുകുവാന്‍
എനിക്കു കഴിയുന്നില്ല.
വൈചിത്ര്യങ്ങളുടെ
വൈരുദ്ധ്യങ്ങള്‍ക്കിടയില്‍
കാലം എന്തോ ഒന്നിനെ ഒളിച്ചു.
ബന്ധങ്ങള്‍ പുതുജീവനെ
പാലൂട്ടുന്നതറിയാതെ വിടര്‍ന്ന
അര്ച്ചനാപുഷ്പങ്ങളെ നോക്കി
ദൈവം ഊറിച്ചിരിച്ചു.